ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ചളവറ ഗ്രാമപഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി, ഇഞ്ചി, വാഴ, പച്ചക്കറികള്‍ എന്നിവയാണ്. മൊത്തം ഭൂവിസ്തൃതിയുടെ 30% കുന്നിന്‍ പ്രദേശങ്ങളാണ്. ഇവിടുത്തെ മണ്ണ് പാറകള്‍ നിറഞ്ഞചെമ്മണ്ണാണ്. ഭൂവിസ്തൃതിയുടെ 40% ത്തോളം ചരിഞ്ഞ പ്രദേശങ്ങളും 30% സമതലങ്ങളുമാണ്. ഇവിടുത്തെ മണ്ണ് ഫലപുഷ്ടിയുള്ള ചെളിമണ്ണാണ്. മഴയെ ആശ്രയിച്ചാണ് ചളവറ പഞ്ചായത്തിലെ കാര്‍ഷിക മേഖല നിലനില്‍ക്കുന്നത്. പഞ്ചായത്തില്‍ ആകെ 13.5 കി. മീ. ദൈര്‍ഘ്യമുള്ള തോടുകളുണ്ട്. പഞ്ചായത്തിന്റെ ചരിഞ്ഞ പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിലെ ചരിഞ്ഞ പ്രദേശങ്ങളിലെ മണ്ണ് ഫലഭൂയിഷ്ഠമാണ്. 1963 ലാണ് ചളവറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 27.90 ച. കി.മീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 10 വാര്‍ഡുകളായാണ് വിഭജിച്ചിരിക്കുന്നത്. പ്രധാന കൃഷിവിളകള്‍ നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി, ഇഞ്ചി, വാഴ, പച്ചക്കറികള്‍ എന്നിവയാണ്. 171 കുളങ്ങളും 28 പൊതുകിണറുകളും 404 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. ഈ പഞ്ചായത്തിനെ 428 തെരുവ് വിളക്കുകള്‍ രാത്രികാലങ്ങളെ വര്‍ണ്ണാഭമാക്കുന്നു. ചളവറ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് അനങ്ങനടി, തൃക്കടീരി പഞ്ചായത്തുകള്‍, വടക്ക് നെല്ലായ, തൃക്കടീരി പഞ്ചായത്തുകള്‍, തെക്ക് വാണിയംകുളം പഞ്ചായത്ത്, ഷൊര്‍ണൂര്‍ നഗരസഭ എന്നിവയും, പടിഞ്ഞാറ് ഷൊര്‍ണൂര്‍ നഗരസഭ, വല്ലപ്പുഴ പഞ്ചായത്ത് എന്നിവയുമാണ്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 5 റേഷന്‍കടകളും ഒരു മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നു. കുറുവട്ടൂര്‍, കയിലിയാട്, കുളപ്പുള്ളി എന്നീ ഡിസ്ട്രിബ്യൂട്ടറികളാണ് പ്രധാന കനാലുകള്‍. പരമ്പ്, കൊട്ട, ഓലക്കുടനിര്‍മ്മാണം, മുറം നെയ്ത്ത് എന്നീ പരാമ്പരാഗത കുടില്‍ വ്യവസായങ്ങളെക്കൂടാതെ ഓട്ടുപാത്രനിര്‍മ്മാണം, സ്വര്‍ണ്ണപണി, ഇരുമ്പുപണി എന്നിവയും പപ്പടനിര്‍മ്മാണവും ഈ പഞ്ചായത്തിലെ എടുത്തു പറയാവുന്ന വ്യവസായങ്ങളാണ്. 1902-ലാണ് ഒരു അംഗീകൃത എലമെന്ററി സ്ക്കൂള്‍ ആദ്യമായി ചളവറയില്‍ ആരംഭിച്ചത്. 1939-ല്‍ ഇതിനെ ഹയര്‍ എലമെന്ററി സ്കൂള്‍ ആയി ഉയര്‍ത്തി. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സൌകര്യം ഒരുക്കികൊണ്ട് ചളവറ ഹൈസ്ക്കൂള്‍ ഉള്‍പ്പെടെ എട്ട് സ്ക്കൂളുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ചളവറ ഗ്രാമപഞ്ചായത്തിലെ വില്ലേജ് ഓഫീസ് കയിലിയാട് സ്ഥിതിചെയ്യുന്നു. 4 തപാല്‍ ഓഫീസുകളും 2 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും, 2 കുടുംബശ്രീ, അക്ഷയകേന്ദ്രങ്ങളും ഈ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൃഷിഭവന്‍, അഗ്രോക്ളിനിക്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, മാവേലിസ്റ്റോര്‍, 26 അംഗന്‍വാടികള്‍, ഐ.സി.ഡി.എസ്. ഓഫീസ്, എല്‍. എസ്. ജി.ഡി. വിഭാഗം, കുടുംബശ്രീ മിഷന്‍ എന്നിവയാണ് പഞ്ചായത്തിലെ മറ്റു സ്ഥാപനങ്ങള്‍. ആരോഗ്യ പരിപാലന രംഗത്ത് മാറ്റു കൂട്ടുവാനായി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി, സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഒരു ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെ നാലു ബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 41 കി.മീ ദൂരം വരുന്ന ഈ പഞ്ചായത്തിലെ ആകെ റോഡുകളില്‍ 18 കി. മീറ്റര്‍ ദൂരം പി ഡബ്ള്യു ഡി റോഡും, 14 കി മീ. മെറ്റല്‍ റോഡും, 9 കി മീ പഞ്ചായത്ത് റോഡുമാണ്. കുളപ്പുള്ളി എലിയപ്പറ്ററോഡും, വാണിയംകുളംവല്ലപ്പുഴറോഡും, ചളവറ ചേറമ്പറ്റക്കാവ് റോഡുമാണ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പി.ഡബ്ള്യു.ഡി. റോഡുകള്‍. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോടും, റെയില്‍വേ സ്റ്റേഷന്‍ വല്ലപ്പുഴയും, തുറമുഖം കൊച്ചിയുമാണ്. പഞ്ചായത്തിന് തൊട്ടടുത്തുള്ള പ്രധാന ബസ്സ്റ്റാന്റുകള്‍ കുളപ്പുള്ളി ബസ്സ്റ്റാന്റ്, ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാന്റ് എന്നിവയാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കയിലിയാട് സ്ഥിതി ചെയ്യുന്നു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 12 ക്ഷേത്രങ്ങളും 8 മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. പ്രാചീനകലകളില്‍ ഒന്നായ തോല്‍പാവകൂത്തിന് പ്രസിദ്ധമാണ് ചളവറ. പാവക്കൂത്ത് കലാകാരന്‍മാരില്‍ പ്രസിദ്ധനും ഗുരുസ്ഥാനീയനുമാണ് കുന്നത്ത് രാവുണ്ണിനായര്‍. ആരോഗ്യപരിപാലനരംഗത്ത് മുന്നേറുവാനായി സജീവമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഈ പഞ്ചായത്തിലുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചളവറ, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി കയിലിയാട്, സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചളവറ എന്നിവയെകൂടാതെ മൃഗ ആരോഗ്യപരിപാലനത്തിനായി ഇവിടെ വെറ്റിനറി ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. വല്ലപ്പുഴ, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സേവനങ്ങളും ലഭ്യമാണ്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ജുമാമസ്ജിദുകളിലെ നബിദിനാഘോഷങ്ങള്‍, ചെറിയ പെരുന്നാള്‍ ദിനങ്ങളിലെ നമസ്കാരങ്ങള്‍, മുണ്ടക്കോറുശ്ശി പാതിരാകുന്നത്ത് മനയിലെ വൃശ്ചിക മാസപൂജകള്‍, കയിലിലാട് ചെറുമുളയന്‍കാവിലെ കാളവേല, പൂരം, തേരുത്സവം, തൃക്കാര്‍മണ്ണ ശിവക്ഷേത്രത്തിലെ ഭരണിവേല, ശിവക്ഷേത്രങ്ങളിലെ മഹാ ശിവരാത്രി ആഘോഷങ്ങള്‍, കുന്നത്തുകാവിലെ കാളവേല മഹോത്സവം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. കാല്‍ നൂറ്റാണ്ടുകാലം ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഐ. സി. പി നമ്പൂതിരി, ക്വിറ്റിന്ത്യാ സമരത്തില്‍ വെടിയേറ്റു മരിച്ച ആദ്യമലയാളിയായ എ. പി നാരായണന്‍, 1957 ല്‍ ചളവറയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആദ്യ എം. എല്‍ എ ആയ പി. വി. കുഞ്ഞുണ്ണി നായര്‍, സ്വാതന്ത്ര്യസമര സേനാനി എ. പി. രാവുണ്ണിനായര്‍, കുറുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഒ. നാരായണന്‍ നായര്‍ എന്നിവര്‍ പഞ്ചായത്തിലെ മരിച്ചുപോയ പ്രമുഖ വ്യക്തികളാണ്. പാലക്കാടിന്റെ ഇപ്പോഴത്തെ എം. പി യായ എം ബി രാജേഷ്, ഇംഗ്ളീഷ് എഴുത്തുകാരി അനിതനായര്‍, ആനചട്ടം പഠിച്ച കേരളത്തിലെ ആദ്യവനിതയായ നിഭാ നമ്പൂതിരിപ്പാട് എന്നിവരും ഈ പഞ്ചായത്തിന് മുതല്‍ക്കൂട്ടാണ്. സൌഹൃദ, ഷൈനിംഗ് സ്റ്റാര്‍, ബോയ്സോണ്‍ എന്നീ ആര്‍ട്സ് ക്ളബുകളും സെവന്‍സ്റ്റാര്‍, ബോയ്സ് ഓണ്‍ സ്പോര്‍ട്സ്, അല്‍അമീന്‍, ജിംഖാന എന്നീ സ്പോര്‍ട്സ് ക്ളബുകളും, വായനശാലകളും പഞ്ചായത്തിലെ സാംസ്കാരികരംഗത്തിന് മാറ്റ് കൂട്ടുന്നു. നാരായണമേനോന്‍ സ്മാരക ഗ്രന്ഥശാല, പൊതുജനവായനശാല, ജനകീയവായനശാല, ഇ എം എസ് സ്മാരക വായനശാല എന്നിവയാണ് പഞ്ചായത്തിലെ വായനശാലകള്‍.